വൈദിക വാർഷിക ധ്യാനവും വൈദിക സമ്മേളനവും ബെൽജിയത്തിൽ വച്ച് നടത്തപ്പെട്ടു

ബെൽജിയം: യൂറോപ്പ് ഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയാർക്കൽ വികാരിയുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ജൂൺ 24 മുതൽ 27 വരെ ബെൽജിയത്തിൽ നടന്ന വൈദിക സമ്മേളനം ആത്മീയ ഉണർവും വൈദികർക്കിടയിലുള്ള സ്നേഹവും ഐക്യവും അജപാലന ദൗത്യവും സഭാ ശുശ്രൂഷ പ്രതിബദ്ധതയും കൂടുതൽ ശക്തിപ്പെടുത്താൻ ഇടയാക്കിയ സംഗമമായി.
ഓരോ വൈദികന്റെയും വ്യക്തിത്വത്തെയും പൗരോഹിത്യ നൽവരങ്ങളെയും ആദരിച്ചും ബഹുമാനിച്ചും ഉൾക്കൊണ്ടും എല്ലാവർക്കും മനസ്സ് തുറക്കുവാൻ അവസരം നൽകിയ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ പിതൃ സ്നേഹപൂർണമായ നേതൃത്വം സമ്മേളനത്തിന്റെ പ്രധാന സവിശേഷതയായി. യൂറോപ്പിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ വളർച്ചയ്ക്കും മിഷൻ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും യൂറോപ്പിലേക്ക് വന്നിട്ടുള്ളവരും വന്നുകൊണ്ടിരിക്കുന്നതുമായ എല്ലാ സഭാമാക്കൾക്കും എല്ലായിടത്തും ആരാധന സൗകര്യം ലഭിക്കുന്നതിനും ഇടയത്വ ശുശ്രൂഷ ലഭിക്കുന്നതിനുമുള്ള സാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. സഭയുടെ വിശ്വാസവും ആരാധനയും പാരമ്പര്യങ്ങളും കൈമോശം വന്നു പോകാതെ വരും തലമുറകളിലേക്ക് പകരുവാനുള്ള കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്ത്. യൂറോപ്പിലെ ഇടയത്വേ ശുശ്രൂഷകളിലെ വെല്ലുവിളികളും സാധ്യതകളും സമ്മേളനത്തിൽ ചർച്ചയായി.
മൂന്ന് ദിവസം നടന്ന സമ്മേളനത്തിൽ പ്രാർത്ഥനയും ധ്യാനവും ക്ലാസുകളും ചർച്ചകളും വിശുദ്ധ സ്ഥലങ്ങളുടെ സന്ദർശനങ്ങളും ഉൾപ്പെട്ടിരുന്നു. യൂറോപ്പിലെ ഒറ്റപ്പെട്ട സാഹചര്യങ്ങളിലും വെല്ലുവിളികൾ നിറഞ്ഞ പൗരോഹിത്യ ശുശ്രൂഷകൾക്കിടയിലും ഒരുമിച്ച്കൂടി പ്രാർഥിക്കുവാനും അനുഭവങ്ങളും കാഴ്ചപ്പാടുകളും വെല്ലുവിളികളും പങ്കുവയ്ക്കുവാനും ലഭിച്ച ഈ സന്ദർഭം വൈദികർക്ക് പുത്തൻ ഉണർവിനും തങ്ങളുടെ പൗരോഹിത്യ നിയോഗത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലിനും ഈ വൈദിക സമ്മേളനം മുഖാന്തിരമായി തീർന്നു.
അഭിവന്ദ്യ മെത്രാപ്പോലീത്തായോടൊപ്പം എല്ലാ വൈദികരും ഒരുമിച്ചു ചേർന്നു ബെൽജിയത്തിലെ മലങ്കര യാക്കോബായ സഭയുടെ ഇടവകയിൽ വിശുദ്ധ കുർബാന അർപ്പിച്ചത് ആ ഇടവകക്കും ദേശത്തിനും വലിയ ഒരു അനുഗ്രഹത്തിന്റെ അനുഭവമായിരുന്നു. വിശുദ്ധ കുർബാനയോടനുബന്ധിച്ച് അഭിവന്ദ്യ മെത്രാപ്പോലീത്ത ബെൽജിയം ഇടവകക്ക് "സെന്റ് ഗ്രിഗോറിയോസ് മലങ്കര സുറിയാനി ഓർത്തഡോക്സ് ചർച്ച്" എന്ന നാമകരണം ചെയ്യുകയും ചെയ്തു.
സമ്മേളനത്തിൽ അഭിവന്ദ്യ മെത്രാപ്പോലിത്തയോടൊപ്പം ഭദ്രാസന സെക്രട്ടറി റവ. ജോഷ്വാ റമ്പാൻ, റവ. ഡോ. തോമസ് ജേക്കബ് മണിമല, ഫാ. എൽദോസ് വട്ടപ്പറമ്പിൽ, ഫാ. ഏലിയാസ് വർഗീസ്, ഫാ. പോൾ പി. ജോർജ്, ഫാ. എൽദോസ് ജോർജ്, ഫാ. റെഞ്ചു എബ്രഹാം, ഫാ. അനീഷ് വേലാംകുഴിയിൽ, ഫാ. ജിജോ എ. ജോൺ, ഡീക്കൻ ജുവൽ രാജു എന്നിവർ പങ്കെടുത്തു.